Image

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

Published on 15 April, 2017
ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ജോണിയുടെ വേദന അറിയുന്നില്ലേ.. കുടുംബത്തെ തങ്ങേണ്ട കരങ്ങള്‍ തളരുമ്പോള്‍ കരുണയുള്ള കരങ്ങള്‍ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ഇത് ചേര്‍ത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥയാണ്. ഹൃദ്രോഗിയും ശരീരം ഭാഗീകമായി തളര്‍ന്നു പോയ ഭര്‍ത്താവ്, ജോണിയേക്കാള്‍ ഗുരുതരമായ ഹൃദ്മരാഗത്തിന്റെ പിടിയില്‍ കഴിയുന്ന ഭാര്യ, തുടയെല്ല് പൊട്ടി ഇരുപ്പിലായ ഇവരുടെ അമ്മ. ഇതാണ് ജോണിയുടെ കുടുംബം.

എട്ടു മാസം മുന്‍പ് ഒരിക്കല്‍ ഈ കുടുംബം കനിവുള്ളവരുടെ സഹായം തേടിയിരുന്നു. അന്ന് അകമഴിഞ്ഞ് സഹായിച്ചവര്‍ നിരവധിയാണ്. എന്നാല്‍ കാലം ചെല്ലുന്തോറും കൂടിവരുന്ന ശാരീരിക ബുദ്ധിമുട്ടും മരുന്നിന്റെ ചെലവുകളും ഒരിക്കല്‍ കൂടി സന്മനസുകളുടെ കരുണ തേടാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. 

ജോണിയും ഭാര്യ ബീനയും ഹൃദ്രോഗികളാണ്. ഇവരെ സഹായിക്കാനാണ് ബീനയുടെ അമ്മ ഇവരുടെ വീട്ടില്‍ താമസമാക്കിയത്. എന്നാല്‍ വൈകാതെ ഈ അമ്മയും വീണ് തുടയെല്ലു പൊട്ടി കിടപ്പിലായി. അതോടെ അമ്മയെ ശുശ്രൂഷിക്കേണ്ട ചുമതലയും ജോണിയുടെ കരങ്ങളിലാണ്. ലോട്ടറി വിട്ടുകിട്ടുന്ന തുച്ഛമായ വരുമാനവും ചില സന്മനസ്സുകളുടെ സഹായവുമാണ് ഇവരെ പിടിച്ചുനിര്‍ത്തുന്നത്. ഭാര്യയോ ഭര്‍ത്താവോ ചിലപ്പോള്‍ രണ്ടു പേരുമോ ആശുപത്രിയിലുമായാല്‍  ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ കുറച്ചുകാലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എല്ലാവരേയും പോലെ ജോണിയെ സഹായിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കി. ഇതിന്റെ വേദനയും അനുഭവിക്കുകയാണ് ആ കുടുംബം.

ആഘോഷങ്ങള്‍ ഇവര്‍ക്ക് എന്നും അന്യമാണ്. തുടരെ തുടരെയുണ്ടാകുന്ന ആശുപത്രിവാസം ഇവരെ ആഘോഷങ്ങള്‍ എന്താണെന്നു പോലും ചിന്തിക്കാന്‍ ഭയപ്പെടുത്തുന്നു. മരുന്നിനും ഭക്ഷണത്തിനും മുട്ടില്ലാതെ വക കണ്ടെത്താന്‍ കഴിയണമേ എന്നാണ് അവരുടെ പ്രാര്‍ത്ഥന. രോഗത്തിന്റെ വേദന ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീറിമുറിക്കുമ്പോഴും എല്ലാവരോടും പുഞ്ചിരിയോടെ മാത്രമേ സംസാരിക്കാന്‍ ജോണിക്കു കഴിയൂ. 

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോണിയുടെ ഇടതു വശം പൂര്‍ണ്ണമായും തളര്‍ന്നു പോയത്. എട്ടു മാസം ഒരേ കിടപ്പില്‍ കിടന്നു. പലയിടങ്ങളിലായി നടന്ന ചികിത്സകളെ തുടര്‍ന്ന് ഭാഗീകമായി ചലന ശേഷി തിരിച്ച് കിട്ടി ജീവിതത്തിലേക്ക് മടങ്ങി വരവേ ഉണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയ വാല്‍വിന് തകരാര്‍ കണ്ടെത്തുകയും ആദ്യം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രണ്ടര ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ നിര്‍ധന കുടുംബം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇവിടെ നടന്ന തുടര്‍ പരിശോധനകളില്‍ രണ്ട് ഹൃദയ വാല്‍വുകള്‍ക്കും തകരാര്‍ കണ്ടെത്തുക ആയിരുന്നു. ഒന്നിന് പൊട്ടലും മറ്റേത് ചുരുങ്ങി പോവുകയും ചെയ്തു. പൊട്ടിയ വാല്‍വ് ശസ്ത്രക്രിയയിലൂടെ നേരെ ആക്കിയാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് നീക്കുന്നത്. എങ്കിലും ഇടയ്ക്കിടെ എത്തുന്ന ശ്വാസം മുട്ടല്‍, ശക്തമായ ചുമ, തുടങ്ങിയവ ജോണിയെ വല്ലാതെ വലയ്ക്കുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ മുടങ്ങാതെ കഴിച്ചും മാസം തോറുമുള്ള ചെക്കപ്പ് നടത്തിയുമാണ് ജോണി ജീവിതം തള്ളി നീക്കുന്നത്.

ജോണിയുടെ ഭാര്യ ബീനയുടെ സ്ഥിതിയും മറിച്ചല്ല. ഇതിനോടകം മൂന്ന് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് ബീന വിധേയ ആയി കഴിഞ്ഞു. വിവാഹ ശേഷം ബീന ഗര്‍ഭിണിയായപ്പോള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്‍ ഇതിനും അല്പായുസ്സായിരുന്നു വിധി കരുതി വച്ചിരുന്നത്. ഏഴു മാസം ഗര്‍ഭിണി ആയപ്പോള്‍ ഉണ്ടായ ശ്വാസ തടസം അടക്കമുള്ള അസ്വസ്ഥകളെ തുടര്‍ന്ന് ഇവരുടെ കുഞ്ഞ് മരണമടയുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബീനയുടെയും ഹൃദയ വാല്‍വ് പൂര്‍ണ്ണമായും ചുരുങ്ങിപ്പോയതായി കണ്ടെത്തുക ആയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടന്ന ഓപ്പറേഷനെ തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയെങ്കിലും ഇടയ്ക്കിടെ ഉണ്ടാവുന്ന ശ്വാസ തടസം അടക്കമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് വീട്ട് ജോലികള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി.

ഇതിനിടയിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബീനയ്ക്ക് ശക്തമായ കാലുവേദന ഉണ്ടായത്. ആദ്യം ചേര്‍ത്തല ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇതേ സമയം ഉണ്ടായ സ്‌ട്രോക്കില്‍ ബീനയുടെ വലതു വശം തളര്‍ന്നു പോവുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. എന്തിനും പരസഹായം വേണ്ടി വരുന്ന അവസ്ഥ. കോട്ടയം മെഡിക്കല്‍ കേളേജിലെ ചികിത്സകളെ തുടര്‍ന്ന് അല്പം ആശ്വാസം കിട്ടിയപ്പോളാണ് ഈ കുടുംബം വീട്ടില്‍ തിരിച്ചെത്തിയത്. ബീനയ്ക്കും മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുകയും മാസം ചെക്ക് അപ്പ് നടത്തുകയും വേണം. അതിനിടെ അടിയ്ക്കടിയുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കും ചികിത്സ തേടണം.

 ആകെയുള്ള പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയും കുടുംബ ശ്രീയില്‍ നിന്നും ലോണ്‍ എടുത്തുമാണ് ഈ കുടുംബം ചികിത്സ നടത്തിയത്. ഇപ്പോള്‍ കട ബാധ്യത തീര്‍ക്കാന്‍ വഴിയില്ലാതെ നരക യാതന അനുഭവിക്കുകയാണ് ഈ കുടുംബം. മാസം നല്ലൊരു തുക മരുന്നിനായി തന്നെ വേണം. ആര്‍ക്കും ജോലി ചെയ്യുവാന്‍ പറ്റാത്ത അവസ്ഥ. 

ഈ സാഹചര്യത്തിലാണ് ജോണി തന്റെ മുന്നില്‍ വായനക്കാര്‍ കരുണയുടെ വാതില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജോണിയെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കഴിവുള്ള സഹായം അയക്കാം.

സഹായം ജോണി ആന്റണിയുടെ ഫെഡറല്‍ ബാങ്ക് ചേര്‍ത്തല ബ്രാഞ്ചിഴല അക്കൗണ്ടിലേക്ക് അയക്കാം. 

അക്കൗണ്ട് നമ്പര്‍: 10950100176274.
IFS CODE: FRRL 0001095
ജോണിയുടെ മൊബൈല്‍ നമ്പര്‍ 09846928510

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക