Image

ഇടത്‌ പോരിന്‌ പിന്നില്‍ വല്യേട്ടന്‍ വിഴുങ്ങുമെന്ന ഭയം

ജി.കെ. Published on 13 February, 2012
ഇടത്‌ പോരിന്‌ പിന്നില്‍ വല്യേട്ടന്‍ വിഴുങ്ങുമെന്ന ഭയം
അക്രമണമാണ്‌ മികച്ച പ്രതിരോധമെന്ന്‌ പറഞ്ഞത്‌ ആരാണെന്ന്‌ അറിയില്ല. അത്‌ ആരായാലും അക്കാര്യം നല്ലപോലെ മനസ്സിലാക്കിയവരാണ്‌ സി.കെ.ചന്ദ്രപ്പന്റെ നേതൃത്വത്തിലുള്ള സിപിഐ. പരസ്‌പരം പോരടിച്ചും വെല്ലുവിളിച്ചും സംസ്ഥാന സമ്മേളനത്തിന്‌ പോയ സിപിഐയും സിപിഎമ്മും സമ്മേളനത്തിനുശേഷവും പരസ്‌പരമുള്ള വെല്ലുവിളികളും വീരവാദങ്ങളും നിര്‍ത്തുന്നില്ല എന്നതാണ്‌ കൗതുകകരം.

നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം ഇടത്‌ ഐക്യമെന്ന്‌ വിളിച്ചുകൂവിയിരുന്ന സിപിഐ നേതാക്കള്‍ തന്നെയാണ്‌ വല്യേട്ടനെതിരെ അക്രമണോത്സുക നിലപാടുമായി ആദ്യം രംഗത്തുവന്നത്‌. അന്ത്യഅത്താഴ ചിത്രവുമായി ബന്ധപ്പെട്ട്‌ സി.കെ.ചന്ദ്രപ്പന്‍ നടത്തിയ പ്രസ്‌താവനയോടെയാണ്‌ പരസ്‌പരമുള്ള പോര്‍വിളിയ്‌ക്ക്‌ ഇരുപാര്‍ട്ടികളും തിരികൊളുത്തിയത്‌. അന്ത്യഅത്താഴ ചിത്രം വെച്ചത്‌ പാര്‍ട്ടിക്കാരനല്ലെന്ന്‌ പിണറായിയും കൂട്ടരും കര്‍ത്താവിനെ വിളിച്ച്‌ ആണയിടുന്നതിനിടെ അത്തരമൊരു ചിത്രം വെച്ചത്‌ എന്തായാലും ശരിയായില്ലെന്ന്‌ ചന്ദ്രപ്പന്‍ വിളിച്ചുപറഞ്ഞത്‌ വല്യേട്ടനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്‌.

ചന്ദ്രപ്പന്റെ പ്രസ്‌താവനയ്‌ക്ക്‌ ഉരുളയ്‌ക്കുപ്പേരി മറുപടികളുമായി പിണറായി വിജയനും സംഘവും കളം നിറഞ്ഞതോടെ ഇടതുമുന്നണി യുഡിഎഫിന്റെ തനിപകര്‍പ്പായി. സിപിഎമ്മിന്റെ സംഘടനാശേഷിയെക്കുറിച്ച്‌ കോണ്‍ഗ്രസുകാര്‍ക്കുപോലും സംശയമില്ലാതിരിക്കെ സിപിഎം സംസ്ഥാന സമ്മേളനം നടത്തുന്നത്‌ ഈവന്റ്‌ മാനേജ്‌മെന്റുകാരാണെന്ന്‌ ചന്ദ്രപ്പന്‍ സഖാവ്‌ വിളിച്ചുപറഞ്ഞതോടെയാണ്‌ പരസ്‌പരമുള്ള ചെളിവാരിയേറ്‌ അതിന്റെ പാരമ്യത്തിലെത്തിയത്‌. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിണറായി അല്ല സാക്ഷാല്‍ കാറല്‍ മാക്‌സ്‌ ആണെങ്കില്‍ പോലും പ്രതികരിച്ചുപോകും.

സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ ചന്ദ്രപ്പനെ അല്‍പനെന്ന്‌ വിളിക്കാതെ വിളിച്ചാണ്‌ പിണറായി കണക്കുതീര്‍ത്തതെന്നുമാത്രം. തൊട്ടടുത്ത ദിവസം നടന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സി.ദിവാകരന്റെ നാക്കിലൂടെ സിപിഐ ഇതിനുമറുപടി പറയുകയും ചെയ്‌തു. എന്നാല്‍ സമ്മേളനങ്ങളും കഴിഞ്ഞു മോരിലെ പുളിയും പോയതിനുശേഷവും ചന്ദ്രപ്പനെ അങ്ങനെ വെറുതെ വിടാന്‍ സിപിഎം ഒരുക്കമല്ലെന്നു തന്നെയാണ്‌ പിണിറായിയിലൂടെയും ഇ.പി.ജയരാജനിലൂടെയും പിന്നീടും പുറത്തുവരുന്ന വാക്കുകള്‍ സൂചിപ്പിക്കുന്നത്‌. ചന്ദ്രപ്പന്‍ പണ്‌ടേ പിണറായിക്ക്‌ ചതുര്‍ഥിയാണ്‌. ലാവ്‌ലിന്‍ കേസിലായാലും പാര്‍ട്ടിയിലെ വിഭാഗീയതയിലായാലും ചന്ദ്രപ്പന്‍ ഉറച്ച വി.എസ്‌ പക്ഷപാതിയാണെന്നതുതന്നെ കാരണം.

എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പ്‌ പടിവാതിലില്‍ എത്തി നില്‍ക്കെ വല്യേട്ടനെ സിപിഐ കണ്ണുപൂട്ടി ആക്രമിക്കുന്നതിന്‌ പിന്നിലുള്ള കാരണം ഇതൊന്നുമല്ല. സ്വന്തം നിലനില്‍പ്പു മുന്നില്‍ കണ്‌ടാണ്‌ സിപിഐ നേതൃത്വം സിപിഎമ്മിനെതിരെ വിരട്ടല്‍വാദങ്ങളുമായി രംഗത്തുവന്നതെന്നതാണ്‌ യഥാര്‍ഥ വസ്‌തുത. ഇടത്‌ ഐക്യത്തെപ്പറ്റി സിപിഐ പറയുമ്പോള്‍ പലപ്പോഴും പൊട്ടന്‍ പുട്ടുവിഴുങ്ങിയതുപോലെ ഇരിക്കാറുള്ള സിപിഎമ്മിന്റെ ഉള്ളിലിരുപ്പ്‌ ചന്ദ്രപ്പനും കൂട്ടരും നേരത്തെ തിരിച്ചറിഞ്ഞു എന്നതാണ്‌ വാസ്‌തവം. അല്ലെങ്കിലും കൂടെക്കിടക്കുന്നവനല്ലെ രാപ്പനി അറിയൂ.

ഇടതുമുന്നണിയിലെ കക്ഷികളില്‍ ഭിന്നിപ്പുണ്‌ടാക്കി അതു മുതലെടുക്കാന്‍ ശ്രമിക്കുക എന്നതാണ്‌ സിപിഎമ്മിന്റെ നയമെന്ന തിരിച്ചറിവാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ കണ്ണുംപൂട്ടിയുള്ള ഒരു ആക്രമണത്തിന്‌ സിപിഐയെ പ്രേരിപ്പിച്ചത്‌. ഇടതു മുന്നണിയിലെ മിക്ക കക്ഷികളെയും പിളര്‍ത്താനും അതില്‍ ഒരു ഘടകത്തെ ആജ്ഞാനുവര്‍ത്തികളാക്കി കൂടെ നിര്‍ത്താനും സിപിഎം ഏറെക്കാലമായി ശ്രദ്ധിക്കുന്നുണ്‌ട്‌. ഇതിന്റെ പ്രത്യക്ഷ ഉദാഹരരണങ്ങളാണ്‌ കോണ്‍ഗ്രസ്‌ (ജെ), ജനതാദള്‍ (എസ്‌), ആര്‍എസ്‌പി കക്ഷികള്‍. ഇവരെ പിളര്‍ത്തി ഒരു വിഭാഗത്തെ മാത്രം കൂടെ നിര്‍ത്തുകവഴി മുന്നണിയ്‌ക്കകത്ത്‌ ഇത്തരം ചെറു മീനുകളെ നിഷ്‌പ്രയാസം കൈകാര്യം ചെയ്‌യാനും അവര്‍ക്കു മുന്നണിയിലുള്ള സ്വാധീനം ശുദ്ധശൂന്യമാക്കാനും സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ക്ക്‌ അനായാസം കഴിഞ്ഞു. അതുകൊണ്‌ടുതന്നെയാണ്‌ മുന്നണി വിട്ടുപോയവരെ തിരിച്ചുകൊണ്‌ടുവരണമെന്ന്‌ ചന്ദ്രപ്പന്‍ സഖാവ്‌ ആവര്‍ത്തിക്കുന്നതും. എന്നാല്‍ ഇതു കേട്ടപ്പോള്‍ പിണറായി പ്രതികരിച്ചത്‌ തിരിച്ചുകൊണ്‌ടുവരിക എന്നതുകൊണ്‌ട്‌ ചന്ദ്രപ്പന്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അറിയില്ലെന്നാണ്‌.

മറ്റു പാര്‍ട്ടികളെ ഭിന്നിപ്പിച്ച്‌ മേധാവിത്വം നേടുക എന്ന തന്ത്രം തങ്ങളുടെ കാര്യത്തിലും സിപിഎം പയറ്റുമെന്ന ഭീതിയാണ്‌ സിപിഐ നേതാക്കളെ പൊടുന്നനെ ആക്രമണോല്‍സുകരാക്കിയത്‌. സിപിഐയില്‍ ഡാങ്കേ പക്ഷപാതികള്‍, ഡാങ്കേ വിരുദ്ധര്‍ എന്നിങ്ങനെ രണ്‌ടു പക്ഷം ഉണെ്‌ടന്നു സ്ഥാപിച്ചെടുക്കാന്‍ തുടക്കം മുതലേ സിപിഎം ശ്രമിക്കുന്നുണ്‌ട്‌. ഇതിനായി അവര്‍ സി.കെ. ചന്ദ്രപ്പന്റെ ജാതകം വരെ പരിശോധിച്ചു. ഒടുവില്‍ ചന്ദ്രപ്പന്‍ സഖാവ്‌ ഡാങ്കെ പക്ഷപാതിയാണെന്ന്‌ കണ്‌ടെത്തുകയും ചെയ്‌തു. സിപിഐയിലെ പിണറായി പക്ഷക്കാരായ ഇസ്‌മായില്‍ സഖാവിനെപ്പോലുള്ളവരുടെ പിന്തുണ കൂടി സിപിഎമ്മിന്റെ ഈ നീക്കത്തിന്‌ പിന്നിലുണ്‌ടോ എന്നും ചന്ദ്രപ്പനും കൂട്ടരും സംശയിക്കുന്നുണ്‌ടെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. അതുകൊണ്‌ടാണല്ലോ സംസ്ഥാന സെക്രട്ടറി പറഞ്ഞത്‌ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന വിചിത്രവാദം ഇസ്‌മായില്‍ സഖാവ്‌ മുന്നോട്ടുവെച്ചത്‌.

ഇക്കാരണങ്ങളൊക്കെക്കൊണ്‌ടാണ്‌ ഡാങ്കേയുടെ പേരു പറഞ്ഞു പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്‌ടാക്കാന്‍ ആരും നോക്കേണ്‌ടെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ കൊല്ലം സമ്മേളനത്തില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്‌. ഒറ്റയ്‌ക്കു ഭരണത്തിലേറുക എന്ന ആദ്യന്തിക ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വല്യേട്ടന്‍ തങ്ങളെ കഷണം കഷണങ്ങളാക്കി വിഴുങ്ങിക്കളയുമോ എന്ന ഭയത്തില്‍ നിന്നാണ്‌ സിപിഐ നേതാക്കള്‍ വല്യേട്ടനെതിരെ രൂക്ഷമായി രംഗത്തുവന്നത്‌. അതുകൊണ്‌ടുതന്നെ പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാലും അതിജീവനത്തിനായി വല്യേട്ടനുമായി സിപിഐ പോരടിച്ചുകൊണ്‌ടു തന്നെ മുന്നോട്ടുപോകും. ഇടതുഐക്യം എന്നത്‌ ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നമായി തുടരുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക