Image

ഇത്‌ വലിയ മാറ്റങ്ങളുടെ കാലം: രഞ്‌ജന്‍ മത്തായി

Published on 09 February, 2012
ഇത്‌ വലിയ മാറ്റങ്ങളുടെ കാലം: രഞ്‌ജന്‍ മത്തായി
വാഷിംഗ്‌ടണ്‍ ഡി.സി: സാധാരണ സംഭവിക്കാത്തത്ര മാറ്റങ്ങളാണ്‌ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളില്‍ ലോക രംഗത്ത്‌ ഉണ്ടായിരിക്കുന്നതെന്ന്‌ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചാര്‍ജെടുത്തശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന രഞ്‌ജന്‍ മത്തായി ചൂണ്ടിക്കാട്ടി. സെന്റര്‍ ഫോര്‍ സ്‌ട്രാറ്റജിക്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍, `സ്റ്റഡീസില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ-യു.എസ്‌ ബന്ധ'ത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1981 മുതല്‍ മൂന്നുവര്‍ഷം താന്‍ വാഷിംഗ്‌ടണ്‍ എം.ബസിയിലെ ഫസ്റ്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതാണ്‌. എംബസിയും നഗരത്തിലെ കെട്ടിടങ്ങളുമെല്ലാം തനിക്ക്‌ സുപരിചിതമാണ്‌. പക്ഷെ മറ്റെല്ലാ രംഗത്തും മാറ്റം ഉണ്ടായിരിക്കുന്നു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തിലും ഈ മാറ്റം പ്രതിഫലിക്കുന്നു.

വിവിധ തലങ്ങളിലുള്ള ഇന്ത്യാ-യു.എസ്‌ സഹകരണം കണ്ട്‌ താന്‍ അതിശയിച്ചുപോയിട്ടുണ്ട്‌. ജനങ്ങളിലും ഈ സഹകരണത്തിന്‌ അനുകൂലമായ പ്രതികരണമാണുള്ളത്‌. 2010-ല്‍ പ്രസിഡന്റ്‌ ഒബാമ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം കൂടുതല്‍ മേഖലകളിലേക്ക്‌ സഹകരണം വ്യാപിക്കുകയും ചെയ്‌തു.

ഭീകരത, അഫ്‌ഗാനിസ്ഥാന്‍, മ്യാന്‍മര്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ ഇപ്പോള്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. എങ്കിലും ആശങ്കകളുണര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്‌. ഇന്ത്യയുമായുണ്ടാക്കിയ സിവില്‍ ന്യൂക്ലിയര്‍ കരാര്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന രീതിയെപ്പറ്റി അമേരിക്കക്ക്‌ ആശങ്കയുണ്ട്‌. വ്യാപാര-വ്യവസായ രംഗത്ത്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ ഇന്ത്യയും ആശങ്കപ്പെടുന്നു.

എന്തായാലും ആണവ കരാര്‍ സംബന്ധിച്ച്‌ അമേരിക്കന്‍ കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രതിരോധ വകുപ്പ്‌ ആയുധങ്ങളും മറ്റും വാങ്ങുന്നത്‌ വിവിധ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചാണ്‌. 11 ബില്യന്‍ ഡോളറിന്റെ റഫാലെ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന്‌ വാങ്ങാന്‍ തീരുമാനിച്ചതിനെ അനുസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.എങ്കിലും അമേരിക്കയുമായുള്ള പ്രതിരോധ കരാര്‍ അഞ്ചുവര്‍ഷത്തിനിടെ ഒമ്പത്‌ ബില്യനായി.

അഫ്‌ഗിനിസ്ഥാന്റെ കാര്യത്തില്‍ ഇന്ത്യയും യു.എസും പല രംഗങ്ങളിലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു. രണ്ടു ബില്യന്‍ ഡോളറിന്റെ സഹായമാണ്‌ ഇന്ത്യ അഫ്‌ഗാനിസ്ഥാന്‌ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌. അഫ്‌ഗാന്‍ വികസനത്തില്‍ ഇന്ത്യ ജാഗരൂകമാണ്‌. അതേസമയം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി ഇന്ത്യ ഏറെ നേരിടുകയും ചെയ്യുന്നുണ്ട്‌. അദ്ദേഹം ചൂണ്ടിക്കാട്ടി.

രഞ്‌ജന്‍ മത്തായിയുടെ പൂര്‍വ്വകാല സുഹൃത്തുക്കള്‍ പിന്നീട്‌ അദ്ദേഹത്തെ എംബസിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഡോ. ടി.വി. ജോര്‍ജ്‌, സണ്ണി വൈക്ലിഫ്‌, ഡോ. ശംഭു ബനിക്‌, ഡോ. പി.സി. നായര്‍, ഡോ. ജോയ്‌ ചെറിയാന്‍ എന്നിവര്‍ അദ്ദേഹം ഫസ്റ്റ്‌ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പുതുക്കി. അന്ന്‌ മുന്‍ രാഷ്‌ട്രപതി കെ.കെ. നാരായണന്‍ ആയിരുന്നു ഇന്ത്യന്‍ അംബാസിഡര്‍. ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യൂക്കേഷന്‌ തുടക്കംകുറിച്ചത്‌ അക്കാലത്താണ്‌. അത്‌ പിന്നീട്‌ ഇന്ത്യക്കാരുടെ രാഷ്‌ട്രീയ പ്രവേശനത്തിനുള്ള വഴികാട്ടിയായി. ഡോ. ജോയി ചെറിയാനും, ഡോ. പി.സി. നായരും അവരുടെ പുസ്‌തകങ്ങള്‍ വിദേശകാര്യ സെക്രട്ടറിക്ക്‌ നല്‍കി. ഫൊക്കാനയെപ്പറ്റി അദ്ദേഹം അന്വേഷണം നടത്തുകയും ചെയ്‌തു.

അടുത്ത തവണ വരുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു സ്വീകണ സമ്മേളനം സംഘടിപ്പിക്കാനുള്ള ആഗ്രഹം ശംഭു ബനികും, സണ്ണി വൈക്ലിഫും പ്രകടിപ്പിച്ചു. മിക്കവാറും ഇത്‌ ജൂണില്‍ നടന്നേക്കും.

വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവു അംബാസിഡറായി വന്നപോലെ രഞ്‌ജന്‍ മത്തായിയും അംബാസിഡറായി വരട്ടെ എന്ന്‌ സംഘം ആശംസിച്ചു.
ഇത്‌ വലിയ മാറ്റങ്ങളുടെ കാലം: രഞ്‌ജന്‍ മത്തായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക