Image

അമ്രുത, കോലഞ്ചേരി, പുഷ്പഗിരി...മാധ്യമങ്ങളുടെ നട്ടെല്ല് വളയുമ്പോള്‍

ജി.കെ. Published on 06 February, 2012
അമ്രുത, കോലഞ്ചേരി, പുഷ്പഗിരി...മാധ്യമങ്ങളുടെ നട്ടെല്ല് വളയുമ്പോള്‍
ഉത്തരേന്ത്യയില്‍ ആരംഭിച്ച നഴ്‌സുമാരുടെ സമരം സംസ്ഥാനത്തും പടര്‍ന്നുപിടിക്കുകയാണ്‌. ഉത്തരേന്ത്യയില്‍ നടന്ന സമരത്തില്‍ സജീവമായി ഇടപട്ട നമ്മുടെ രാഷ്‌ട്രീയ നേതൃത്വവും നഴ്‌സുമാര്‍ക്ക്‌ ധാര്‍മിക പിന്തുണ നല്‍കിയ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും വേതനവര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട്‌ സംസ്ഥാനത്തോട്‌ നടത്തുന്ന സമരത്തോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണാനാകുന്നത്‌. പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പുന്ന ഈ മാലാഖമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായൊരു പരിഹാരം നിര്‍ദേശിക്കുന്നതിനോ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്നുവെന്ന്‌ മേനി നടിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആരെയൊക്കെയോ തൃപ്‌തിപ്പെടുത്താനായി ഇത്തരം വാര്‍ത്തകളെ പരമാവധി അവഗണിക്കുന്നു.

ഏതാനും മാസം മുന്‍പ്‌ ഉത്തരേന്ത്യയില്‍ നഴ്‌സുമാര്‍ പണിമുടക്കാരംഭിച്ചപ്പോള്‍ അതിനായി വെണ്‌ടയ്‌ക്ക അക്ഷരത്തില്‍ അച്ചു നിരത്തിയ മലയാളത്തിലെ പ്രമുഖരായ രണ്‌ടു പത്രങ്ങള്‍ കോലഞ്ചേരിയിലോ മെഡിക്കല്‍ ട്രസ്റ്റിലോ അമലയിലോ പുഷ്‌പഗിരിയിലോ നടക്കുന്ന സമരങ്ങളുടെ നേര്‍ക്ക്‌ കണ്ണടയ്‌ക്കുകയാണ്‌. അന്യസംസ്ഥാനത്തെ സമരം റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ വരിക്കാരെ ബാധിക്കില്ലെന്നതായിരിക്കാം ഇവരെ ഇത്തരമൊരു സമീപനമെടുക്കുന്നതിന്‌ പ്രേരിപ്പിച്ചത്‌. സര്‍ക്കാരാകട്ടെ കേവലമൊരു തൊഴില്‍ത്തര്‍ക്കമെന്ന പേരിലാണ്‌ സമരത്തില്‍ ഇടപെടുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതിയില്‍ നല്‍കുന്ന കുറഞ്ഞവേതനംപോലും ലഭിക്കാതെ 12-18 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന നഴ്‌സുമാരുടെ കഷ്‌ടപ്പാടുകളെക്കുറിച്ച്‌ അറിയാത്തതുകൊണ്‌ടല്ല സര്‍ക്കാര്‍ നടപടിയ്‌ക്ക്‌ മുതിരാത്തത്‌. അതിന്‌ മുതിര്‍ന്നാല്‍ അത്‌ തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന ഭയം സര്‍ക്കാരിനെ സജീവ ഇടപെടലില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നുണ്‌ടോ എന്ന്‌ സംശയിക്കേണ്‌ടിയിരിക്കുന്നു.

മെഡിക്കല്‍ ട്രസ്‌റ്റിലെ സമരം ഒത്തു തീര്‍ക്കാനായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഇപ്പോള്‍ നടത്തുന്ന ഇടപെടല്‍ കണ്‌ടില്ലെന്ന്‌ നടിക്കുന്നില്ലെങ്കിലും ഇതേമന്ത്രി തന്നെയാണ്‌ നഴ്‌സുമാര്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷ സമരത്തിലേക്കു കടന്നതിനെതിരെ രോഷംകൊണ്‌ടതെന്നും മറക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യരംഗത്ത്‌ സ്വകാര്യമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല ആശുപത്രികളും സഭയ്‌ക്കോ സര്‍ക്കാരിനോ വേണ്‌ടപ്പെട്ടവരും സര്‍ക്കാരില്‍ പിടിപാടുള്ളവരുമായ ഉന്നതരുടേതാണ്‌. അതുകൊണ്‌ടുതന്നെ എതു സമരരംഗത്തും മുന്നറിയിപ്പില്ലാതെ ചാടിവീഴാറുള്ള ഇടതുപക്ഷം പോലും ഇവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നടത്തിയ ഒരു പ്രസ്‌താവന മാത്രമാണ്‌ ഇക്കാര്യത്തില്‍ പ്രതിപക്ഷം നടത്തിയ ഏക ഇടപെടല്‍. പ്രസ്‌താവനയ്‌ക്കപ്പുറം ഒന്നും സംഭവിച്ചില്ലെന്നത്‌ വേറെ കാര്യം.

വിദേശത്ത്‌ ആകര്‍ഷകമായ ജോലിസാധ്യതയുള്ളതിനാല്‍ നഴസിംഗ്‌ പഠനത്തിനെത്തുന്നവരുടെ എണ്ണം ഇന്ന്‌ കൂടുതലാണ്‌. ജീവിതവഴിയായി നഴസിംഗ്‌ തെരഞ്ഞെടുക്കുന്നവര്‍ ആദ്യം ചൂഷണംചെയ്യപ്പെടുന്നത്‌ പഠനഘട്ടത്തില്‍തന്നെയാണ്‌. കഴുത്തറുപ്പന്‍ ഫീസിനുപുറമെ സ്വകാര്യ നഴസിംഗ്‌ കോളേജുകളിലെ നിര്‍ബന്ധിത സേവനവും മറ്റും അത്തരം ചൂഷണത്തിന്റെ ഭാഗമാണ്‌. കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ആശുപത്രികള്‍ നടത്തിക്കൊണ്‌ടുപോകാന്‍ നഴ്‌സുമാര്‍ വേണം. പഠനം പൂര്‍ത്തിയാക്കിയ ആയിരങ്ങള്‍ സംസ്ഥാനത്തുള്ളപ്പോള്‍ ആ ആവശ്യം നിറവേറ്റാന്‍ പ്രയാസമുണ്‌ടാകില്ല. മള്‍ട്ടിസ്‌പെഷ്യാലിറ്റി, ഹൈടെക്ക്‌ ഇനങ്ങളില്‍ പെടുന്ന ആശുപത്രികള്‍ കൂട്ടത്തോടെ നഴസിംഗ്‌ ജീവനക്കാരെ നിയമിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇടത്താവളമെന്ന നിലയിലാണ്‌ പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിലെത്തുന്നത്‌. അമിതലാഭം കറന്നെടുക്കുന്ന കച്ചവട കേന്ദ്രങ്ങളായ ഇത്തരം ആശുപത്രികളില്‍ മിക്കതിലും നഴ്‌സുമാര്‍ കൊടിയ ചൂഷണത്തിനും പീഡനത്തിനും ഇരയാവുകയാണ്‌.

സംസ്ഥാനത്ത്‌ 24 ആശുപത്രികള്‍മാത്രമാണ്‌ മിനിമം വേജസ്‌ നിയമപ്രകാരം വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത്‌ എന്ന്‌ ലേബര്‍ കമീഷന്‍തന്നെ വ്യക്തമാക്കിയിട്ടുണ്‌ട്‌. അതുകൊണ്‌ടു തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലടക്കം എവിടെയെങ്കിലും ഇത്തരം ചൂഷണം നടക്കുന്നെങ്കില്‍ സാങ്കേതികത്വത്തില്‍ തൂങ്ങി സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കരുത്‌. ഒട്ടു മിക്ക തൊഴില്‍ മേഖലകളിലും മിനിമം കൂലി വ്യവസ്ഥയുണ്‌ട്‌. നഴസിംഗ്‌്‌ മേഖലയിലും അങ്ങനെയൊരു വകുപ്പുണെ്‌ടന്നാണു വെയ്‌പ്പ്‌. എങ്കിലും തങ്ങള്‍ക്കതു ലഭിക്കുന്നില്ലെന്നു നഴ്‌സുമാര്‍ തന്നെ പറയുന്നു. അതുകൊണ്‌ടാണല്ലോ അവര്‍ സമരരംഗത്തിറങ്ങുന്നത്‌. നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കി ആശുപത്രി നടത്തിക്കൊണ്‌ടുപോകാന്‍ കഴിയില്ലെന്നു മാനേജ്‌മെന്റുകളും പറയുന്നു. നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കുക പലര്‍ക്കും അപ്രായോഗികമായിരിക്കാം. പക്ഷേ, അവര്‍ അര്‍ഹിക്കുന്ന വ്യവസ്ഥാപിത വേതനം ഉറപ്പു വരുത്തേണ്‌ടത്‌ സര്‍ക്കാരിന്റെ കടമയാണ്‌.

ഡോക്‌ടര്‍മാരുടെ വേതനമടക്കം ആശുപത്രിച്ചെലവുകളെല്ലാം നിറവേറ്റുന്നതു രോഗികളില്‍ നിന്ന്‌ ഈടാക്കിയാണ്‌. മറ്റു ചെലവുകളിലൊന്നും ഇളവു വരുത്താതെ, നഴ്‌സുമാരുടെ കാര്യത്തില്‍ മാത്രം മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതില്‍ എന്തു ന്യായമാണുള്ളത്‌. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ നഴ്‌സുമാരുള്ള, അവരെ വാര്‍ത്തെടുക്കുന്ന സംസ്ഥാനമാണു കേരളം. അവര്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇവിടെത്തന്നെ എന്നത്‌ മറ്റൊരു വിരോധാഭാസം. ഇതിനു മാറ്റം വരുത്താന്‍ സര്‍ക്കാരിനു തന്നെയാണു ചുമതല. സാമൂഹിക നീതിക്കും മിനിമം വേതനത്തിനും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ക്കും മാതൃകാ സംസ്ഥാനമെന്നു പേരുകേട്ട കേരളത്തില്‍ നിന്നുതന്നെയാവണം ഈ മാറ്റത്തിനു തുടക്കം കുറിക്കേണ്‌ടത്‌. അങ്ങനെ ഉണ്‌ടാവുമെന്ന്‌ നമുക്ക്‌ ആശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക