Image

അഴീക്കോട്മാഷിന്റെ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ സന്തോഷ് കരിമ്പുഴ

Published on 28 January, 2012
അഴീക്കോട്മാഷിന്റെ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ സന്തോഷ് കരിമ്പുഴ
സിഡ്‌നി: അഴീക്കോട് മാഷിനോട് തന്റെ 'വാക്യം ശിവമയം എന്ന ഡോക്യുമെന്ററി ഫിലിമില്‍ മാഷുടെ സാന്നിദ്ധ്യം വേണമെന്നറിയിച്ചപ്പോള്‍ മാഷ് അതിന് സമ്മതം മൂളുകയും മറ്റ് തിരക്കുകള്‍ മാറ്റിവെച്ച് മാഷ് ചിത്രീകരണത്തില്‍ ഒരു പാട് സഹകരിക്കുകയും ചെയ്ത ഓര്‍മ്മകള്‍ നെയ്‌തെടുക്കുകയാണ് സന്തോഷ് കരിമ്പുഴ.

തന്റെ ഡോക്യുമെന്ററി ഫിലിം മുകളില്‍ പല പ്രമുഖരും പങ്കെടുത്തിട്ടുണ്ടെങ്കിലും സിനിമയില്‍ സഹസംവിധായകനായി പലപ്രമുഖരോടൊത്ത് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അറിവിന്റെ ഭണ്ഡാരമായ അഴീക്കോട് മാഷിനെ പങ്കെടുപ്പിച്ച് ഡോക്യുമെന്ററി ഫിലിം ചെയ്യുമ്പോള്‍ തെല്ലൊരു ഭയം ചിത്രീകരണത്തിനുമുന്‍പ് തന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെന്ന്  സന്തോഷ് കരിമ്പുഴ. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷ് ചിത്രീകരണം നോക്കി നിന്നതും, സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രീകരണത്തില്‍  സഹകരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിനോടുള്ള ബഹുമാനം വര്‍ദ്ധിച്ചതായും അദ്ദേഹത്തിന്റെ സമസ്ത മേഖലകളിലും ഉള്ള ജ്ഞാനം തന്നെ അത്ഭുതസ്തംബന്ധനാക്കിയെന്നും സന്തോഷ് കരിമ്പുഴ സാ-ക്ഷ്യപ്പെടുത്തുന്നു.

ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് അതിനു മുന്‍പ് സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 'മുണ്ടൂരിന്റെ കഥാവഴികള്‍ എന്ന ഡോക്യുമെന്ററിയുടെ നിരൂപണം പ്രമുഖ പത്രമാദ്ധ്യമങ്ങളില്‍ നിന്ന് താന്‍ വായിച്ച വിവരം മാഷ് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്റെ ചെറിയ ആളുകളെപ്പോലും അംഗീകരിക്കാനുള്ള വലിയ മനസ്സാണ് താന്‍ തൊട്ടറിഞ്ഞതെന്ന് സന്തോഷ് കരിമ്പുഴ.

അഴീക്കോട് മാഷിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യാന്‍ സന്തോഷ് കരിമ്പുഴ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചിരിച്ച മുഖത്തോടുകൂടി മാഷ് സമ്മതം മൂളുകയും അതിനായി സന്തോഷിനെ തൃശൂരിലെ മാഷിന്റെ വീട്ടിലേക്ക് ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുകയും ചെയ്തു. അതിന്‍പ്രകാരം സന്തോഷ് അഴീക്കോട് മാഷിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കുകയും പല വ്യക്തികളുമായി  ബന്ധപ്പെടുകയും ചെയ്തു. 

കഴിഞ്ഞവര്‍ഷം നാട്ടില്‍ പോയപ്പോള്‍ ചിക്കന്‍ ഫോക്‌സ് പിടിപ്പെട്ടതിനാല്‍ ഡോക്യുമെന്ററി ചിത്രീകരണം നടന്നില്ല. അത് പറയുമ്പോള്‍ സന്തോഷിന്റെ മുഖത്ത് ഇപ്പോഴും നിരാശ പടരുന്നു. എങ്കിലും കൃഷ്ണന്‍ കുട്ടിമാഷെ താന്‍ അടയാളപ്പെടുത്തിയതുപോലെ അടുത്തു തന്നെ അഴീക്കോട് മാഷിനെയും കുറിച്ചുള്ള ഡോക്യുമെന്ററി പൂര്‍ത്തീകരിക്കും എന്നു പറയുമ്പോള്‍ സന്തോഷിന്റെ വാക്കുകളില്‍ ദൃഢനിശ്ചയം.

സന്തോഷ് കരിമ്പുഴ പത്തോളം ഡോക്യുമെന്ററി ഫിലിംമുകള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്റികള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ട്. 'ഭവന്‍ ഓസ്‌ട്രേലിയ നടത്തിയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹം സിനിമാരംഗത്ത് സഹസംവിധായകനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയായിലെ സിഡ്‌നിയില്‍ താമസിക്കുന്നു.

വാര്‍ത്ത അയച്ചത് : ശ്രീജിത്ത് തച്ചങ്കാട്.

അഴീക്കോട്മാഷിന്റെ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ സന്തോഷ് കരിമ്പുഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക