Image

ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ രൂപീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2011
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ രൂപീകരിച്ചു
ഷിക്കാഗോ: ഇരുപതാം വാര്‍ഷികമാഘോഷിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായി സംഘടനയ്‌ക്ക്‌ ഷിക്കാഗോയ്‌ക്ക്‌ വെളിയില്‍ ആദ്യമായി ഒരു ചാപ്‌റ്റര്‍ നിലവില്‍വന്നു. ഷിക്കാഗോ നഗരത്തില്‍ നിന്ന്‌ ഏകദേശം നൂറ്റമ്പതില്‍പ്പരം മൈലുകള്‍ക്കകലെ മലയാളി പ്രൊഫഷണലുകളും, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും അധിവസിക്കുന്ന ഷാംപെയിന്‍ നഗരത്തിലാണ്‌ ഐ.എം.എയുടെ പുതിയ ചാപ്‌റ്റര്‍ രൂപീകൃതമായത്‌.

ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ഷാംപെയിന്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ ചേര്‍ന്ന മലയാളി കുടുംബങ്ങളുടെ കൂട്ടായ്‌മയില്‍ വെച്ച്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം ഭദ്രദീപം തെളിയിച്ച്‌ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഷാംപെയിന്‍ ചാപ്‌റ്റര്‍ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. ഐ.എം.എ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ബാന, ഷാംപെയിന്‍ എന്നീ നഗരങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ പ്രതിനിധികളായി നിരവധി പേര്‍ കുടുംബ സമേതം പങ്കെടുത്തു.

മലയാളി കുടംബങ്ങള്‍ ധാരാളമായുണ്ടെങ്കിലും ഒരു മലയാളി സാമൂഹ്യ സംഘടനയുടെ കുറവ്‌ ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന തങ്ങള്‍ക്ക്‌ ഐ.എം.എയുടെ പ്രവര്‍ത്തന പരിപാടികളും നേതൃത്വവും ആകര്‍ഷകമായി തോന്നിയെന്ന്‌ അവര്‍ അറിയിച്ചു.

അമേരിക്കയില്‍ താമസിക്കുമ്പോഴും കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷ പരിപാടികളും തലമുറകളിലേക്ക്‌ പകരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്‌. ഇല്ലിനോയി മലയാളി അസോസിയേഷന്റെ ചാപ്‌റ്റര്‍ രൂപീകരണം വഴി ഷാംപെയിന്‍ മലയാളികള്‍ക്ക്‌ ഒത്തുകൂടുവാനും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനും ഒരു പൊതു വേദിയാകുമെന്ന്‌ പങ്കെടുത്തവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജോണ്‍ ജോര്‍ജ്‌ സ്വാഗതം ആശംസിച്ച്‌ പ്രസംഗിച്ചു. സെക്രട്ടറി ഡോ. ലൈജോ ജോര്‍ജ്‌, ജോ. ട്രഷറര്‍ മാത്യു കളത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. പോള്‍ പീറ്റര്‍ കൃതജ്ഞതാപ്രസംഗം നടത്തി.

ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുവാന്‍ പത്തംഗ സമിതിയെ തെരഞ്ഞെടുത്തു. ജോണ്‍ വിജോ ജോര്‍ജ്‌ (കണ്‍വീനര്‍), പോള്‍ പീറ്റര്‍ (ജോ. കണ്‍വീനര്‍), ഡോ. സുമ പീറ്റര്‍ (വിമന്‍സ്‌ കോര്‍ഡിനേറ്റര്‍), വിപിന്‍ സാംരാജ്‌, ശ്രീകുമാര്‍ നായര്‍, അനില്‍ ആന്റണി, മോഹന്‍ ഫിലിപ്പ്‌, ബിജോയി കണ്ണാടിക്കര, ലൈല വിപിന്‍രാജ്‌, പ്രിയ ബിജോയി എന്നിവരാണ്‌ കമ്മിറ്റിയംഗങ്ങള്‍. സെപ്‌റ്റംബര്‍ മൂന്നാം തീയതി വൈകിട്ട്‌ ഷിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ ചലച്ചിത്രതാരം കനിഹ ഉദ്‌ഘാടനം ചെയ്യുന്ന ഐ.എം.എയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഷാംപെയിന്‍ - അര്‍ബനാ നഗരങ്ങളില്‍ നിന്നും പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരൂമാനിച്ചു.
ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക