Image

`സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' ഒരു റിയല്‍ മെഗാ ഹിറ്റ്‌

Published on 13 August, 2011
`സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' ഒരു റിയല്‍ മെഗാ ഹിറ്റ്‌
സമീപകാലത്ത്‌ മലയാള സിനിമ കണ്ട ഒരു റിയല്‍ മെഗാ ഹിറ്റെന്ന്‌ വിശേഷിപ്പിക്കാം സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയെ. മലയാള സിനിമ ധരിച്ചു വെച്ചിരിക്കുന്ന ഒരു സ്ഥിരം രീതിക്ക്‌ വിരുദ്ധമായി മെഗാഹിറ്റ്‌ തരംഗം സൃഷ്‌ടിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ലോബജറ്റ്‌ ചിത്രത്തിന്റെ പ്രത്യേകത. ഈ ചിത്രം നൂറ്‌ ദിവസം തകര്‍ത്തോടുമെന്ന്‌ മലയാള സിനിമ മൊത്തമായി പറയുന്നു. മാത്രമല്ല പോയ അഞ്ചു വര്‍ഷത്തെ ഏറ്റവും മികച്ച സൂപ്പര്‍ഹിറ്റ്‌ ഈ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തന്നെയായിരിക്കുമെന്നും മലയാള സിനിമ ഉറപ്പിക്കുന്നു. കളക്ഷനില്‍ റിക്കോഡ്‌ സൃഷ്‌ടിക്കാന്‍ ഇതിനുള്ളില്‍ തന്നെ ചിത്രത്തിന്‌ കഴിഞ്ഞിട്ടുമുണ്ട്‌. ടിപ്പിക്കല്‍ ഫോര്‍മുലകളൊന്നുമില്ലാതെയാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ വിജയം നേടിയതെന്നതും ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്‌.

സൂപ്പര്‍താരങ്ങളില്ല, പിന്നണിയില്‍ വമ്പന്‍ ടെക്‌നീഷ്യന്‍സുമില്ല. എന്നിട്ടും ഈ കൊച്ചു ചിത്രം വമ്പന്‍ വിജയമായി എന്നതാണ്‌ ഏവരെയും ആകര്‍ഷിക്കുന്ന ഘടകം. ലാല്‍, ആസിഫ്‌ അലി, ശ്വേതാ മേനോന്‍, മൈഥിലി ബാബുരാജ്‌, വിജയരാഘവന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ സിനിമ ഒരു വമ്പന്‍ ഹിറ്റായി മാറിയത്‌ അപ്രതീക്ഷിതമായിരുന്നു.

ഒരു ദോശ ഉണ്ടാക്കിയ കഥ എന്നതാണ്‌ ചിത്രത്തിന്റെ ക്യാപ്‌ഷന്‍. ദോശ ഉണ്ടാക്കിയ കഥ എന്ന്‌ പറയുമ്പോള്‍ ദോശ കാരണം ഉണ്ടായ കഥ എന്നാണ്‌ അര്‍ഥമാക്കുന്നത്‌. ദോശ വരുത്താനായി ഹോട്ടലിലേക്ക്‌ വിളിക്കുന്ന ഒരു ഫോണ്‍ കോള്‍ റോംഗ്‌ നമ്പറായി മറ്റൊരാള്‍ക്ക്‌ ലഭിക്കുന്നതും അവിടെ നിന്നൊരു സൗഹൃദം രൂപപ്പെടുന്നതും അത്‌ പിന്നീട്‌ പ്രണയമാകുന്നതുമാണ്‌ ചിത്രത്തിന്റെ കഥ. കേള്‍ക്കുമ്പോള്‍ സ്ഥിരം സ്റ്റോറികളിലൊന്നായി തോന്നുമെങ്കിലും കഥ പറഞ്ഞിരിക്കുന്നത്‌ സമീപകാല മലയാള സിനിമയെ അമ്പരപ്പിക്കുന്ന രീതിയില്‍ തന്നെ. ആഷിക്‌ അബു എന്ന സംവിധായകന്‍ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയ ചിത്രം കൂടിയാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍.

പ്രദര്‍ശനത്തിനൊരുങ്ങിയപ്പോള്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം വിതരണത്തിനെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകനും പലരെയും സമീപിച്ചെങ്കിലും നല്ലൊരു പ്രതികരണം ആരില്‍ നിന്നും ലഭിച്ചില്ല. അവസാനം ഒരാഴ്‌ചത്തേക്ക്‌ മാത്രമായി പ്രദര്‍ശിപ്പിക്കാമെന്ന ഉറപ്പില്‍ 19 തീയേറ്ററുകാര്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ റിലീസിനെടുത്തു. എന്നാല്‍ ആദ്യ ദിവസം തന്നെ ചിത്രം അതിന്റെ പുതുമ പ്രേക്ഷകരെ അറിയിച്ചു. കണ്ടവര്‍ വീണ്ടും കാണാന്‍ എത്തുന്ന അവസ്ഥയിലേക്ക്‌ ചിത്രം മാറി. യാതൊരു പരസ്യങ്ങളുമില്ലാതെ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു.

രണ്ടാം വാരമെത്തിയപ്പോള്‍ മുപ്പതോളം തീയേറ്ററിലേക്ക്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്‌ പ്രദര്‍ശനം ലഭിച്ചു. ഇപ്പോഴിതാ ഒരു മാസമാകുമ്പോള്‍ അറുപത്‌ തീയേറ്ററുകളിലേക്ക്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എത്തിയിരിക്കുന്നു. തികച്ചും പുതുമകള്‍ മലയാള സിനിമക്ക്‌ സമ്മാനിച്ചു എന്നത്‌ തന്നെയാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്റെ പ്രത്യേകത. സ്ഥിരം ശൈലിയില്‍ പടം ചമക്കുന്നവര്‍ക്കുള്ള പാഠം കൂടിയാകുന്നു ഈ ചിത്രം.

ആര്‍ക്കിയോളജിസ്റ്റായ കാളിദാസന്‍, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ, കാളിദാസിന്റെ കസിന്‍ മനു രാഘവ്‌, മായയുടെ റൂംമേറ്റ്‌ മീനാക്ഷി, കാളിദാസന്റെ കുക്കായ ബാബു എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ജീവിതം ഭക്ഷണം കഴിക്കാനാണെന്ന്‌ കരുതുന്നയാളാണ്‌ കാളിദാസന്‍. തന്റെ കരിയറിനേക്കാളും, ജീവിതത്തേക്കാളും മറ്റെന്തിനേക്കാളും കാളിദാസന്‍ ഇഷ്‌ടപ്പെടുന്നത്‌ രുചികരമായ ഭക്ഷണങ്ങളെയാണ്‌. പെണ്ണുകാണാന്‍ പോയ വിട്ടില്‍ ചായക്കൊപ്പം കിട്ടിയ ഉണ്ണിയപ്പം ഇഷ്‌ടപ്പെട്ടപ്പോള്‍ അതുണ്ടാക്കിയ പാചകക്കാരനെ ആ വീട്ടില്‍ നിന്നും കൂടെക്കൂടി പോന്ന കാളിദാസനെ ആര്‍ക്കും ഇഷ്‌ടപ്പെടും.

ഒപ്പം പഴയൊരു നഷ്‌ടപ്രണയത്തിന്റെ ഓര്‍മ്മകളില്‍ മുമ്പോട്ടു പോകുകയാണ്‌ കാളിദാസന്‍. ഇപ്പോള്‍ തന്റെ കുക്ക്‌ ബാബുവും ബാബുവിന്റെ രുചികരമായ ഭക്ഷണങ്ങളും മാത്രമാണ്‌ കാളിദാസന്റെ ലോകം. മധ്യവയസിനോട്‌ അടുക്കുന്ന കാളിദാസന്‍ എന്ന കഥാപാത്രം ഒരു നല്ല ശതമാനം പ്രേക്ഷകന്റെയുള്ളിലും ഉണ്ടാവും.

ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ മുപ്പതുകള്‍ കഴിഞ്ഞിട്ടും വിവാഹിതയാവാതെ നില്‍ക്കുകയാണ്‌. ജാതകദോഷത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം നടത്താതിരുന്ന മായ അവസാനം നഗരത്തില്‍ പേയിംങ്‌ ഗസ്റ്റായി വന്നെത്തുന്നു. ഇതിനിടയില്‍ അമ്മയെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള കുറച്ച്‌ ഓര്‍മ്മകളും.

ഒരു ദിവസം ദോശ പാഴ്‌സല്‍ ഓഡര്‍ ചെയ്യാന്‍ മായ വിളിക്കുന്ന ഫോണ്‍ കോള്‍ മാറിയെത്തുന്നത്‌ കാളിദാസനാണ്‌. ആദ്യം ഇഷ്‌ടപ്പെടുന്നില്ലെങ്കിലും ഭക്ഷണത്തോടുള്ള രണ്ടുപേരുടെയും താത്‌പര്യം അവരെ ഒന്നിപ്പിക്കുന്നു. ഫോണിലൂടെ പരസ്‌പരം സൗഹൃദമാകുമ്പോഴും അതിന്‌ പിന്നീട്‌ പ്രണയത്തിന്റെ നിറങ്ങളുണ്ടാകുമ്പോഴും നേരിലല്‍ കാണാന്‍ രണ്ടുപേര്‍ക്കും ധൈര്യം പോരാ. കാണാമെന്ന്‌ പറഞ്ഞുറപ്പിക്കുന്ന ദിവസം കാളിദാസനായി മായയെ കാണാനെത്തുന്നത്‌ മനുവാണ്‌. മായയായി കാളിദാസനെ കാണാനെത്തന്നത്‌ മീനാക്ഷിയും. ഇവിടെ നിന്നും മനുവിന്റെയും മീനാക്ഷിയുടെയും കഥ തുടങ്ങുകയാണ്‌. അവരുടെ പ്രണയം യാഥാര്‍ഥ്യമാകുമ്പോഴും പരസ്‌പരം കാണാമറയത്ത്‌ നില്‍ക്കുകയാണ്‌ കാളിദാസനും മായയും. ഈ ഭക്ഷണ പ്രീയരായ കാളിദാസന്റെയും മായയുടെയും കഥയാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍.

കാളിദാസനായി ലാലും മായയായി ശ്വേതാമേനോനും തകര്‍ത്ത്‌ അഭിനയിച്ചിരിക്കുന്നു. ആസിഫ്‌ അലിയും മൈഥിലിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം ഏറെ പ്രശംസിക്കുന്നത്‌ ബാബു എന്ന പാചകക്കാരനെ അവതരിപ്പിച്ച ബാബുരാജിനെയാണ്‌. ഇതുവരെ ഗുണ്ട കഥാപാത്രങ്ങളെയും, വില്ലന്‍ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ബാബു രാജിന്‌ ആദ്യമായി കിട്ടിയ വ്യത്യസ്‌തമായൊരു വേഷമാണ്‌ പാചകക്കാരന്‍ ബാബു. ബാബുരാജിനെക്കൊണ്ട്‌ ഇത്തരമൊരു കോമേഡിയന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിയുമെന്ന്‌ ആരും കരുതിയിരുന്നേയില്ല.

നവാഗതരായ ശ്യാംപുഷ്‌കരന്‍, ദിലീഷ്‌ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌. തിരക്കഥയില്‍ വ്യത്യസ്‌തമായൊരു പരീക്ഷണം നടത്താന്‍ തയാറായി എന്നതു തന്നെയാണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സ്ഥിരം സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളോ, കോമേഡിയന്‍മാരോ ഈ ചിത്രത്തിലില്ല. ഹ്യൂമര്‍ പരീക്ഷിച്ചിരിക്കുന്നത്‌ ഏറ്റവും പുതുമയുള്ള രീതികളിലാണ്‌. മികച്ചൊരു തിരക്കഥ നൂറു ശതമാനം സത്യസന്ധതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സംവിധായകന്‍ ആഷിഖ്‌ അബുവും ഏറെ പ്രശംസ അര്‍ഹിക്കുന്നു.

ചിത്രത്തെക്കുറിച്ച്‌ ആഷിഖ്‌ അബു സംസാരിക്കുന്നു.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ മലയാള സിനിമക്ക്‌ അപ്രതീക്ഷിത വിജയമായിരുന്നല്ലോ?

സത്യത്തില്‍ ഈ സിനിമ വിജയിക്കുമെന്ന്‌ ചിത്രത്തിന്റെ പ്രിവ്യുഷോ കണ്ട തൊണ്ണൂറ്‌ ശതമാനം പേരും പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ വിതരണക്കാരെ കിട്ടാനും ഒരുപാട്‌ ബുദ്ധിമുട്ടി. രണ്ടു വര്‍ഷം കഴിഞ്ഞിട്ടായിരുന്നെങ്കില്‍ ഈ സിനിമ വിതരണത്തിനെടുത്തേനെ എന്നാണ്‌ ഒരു ഗ്രൂപ്പ്‌ എന്നോട്‌ പറഞ്ഞത്‌. പ്രേക്ഷകര്‍ക്ക്‌ ഇപ്പോള്‍ ഈയൊരു ടേസ്റ്റ്‌ എന്‍ജോയ്‌ ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ ഞങ്ങളും അല്‌പം സമര്‍ദ്ദത്തിലായി പോയിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ തീയേറ്ററില്‍ തംരഗമായത്‌.

സൂപ്പര്‍താരങ്ങളില്ലാത്ത ഒരു സിനിമയാണിത്‌. ഇതിനു പിന്നിലെ ധൈര്യമെന്തായിരുന്നു?

ഞാന്‍ ആദ്യം ചെയ്‌തത്‌ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമായിരുന്നു. മമ്മൂട്ടി നായകനായ ഡാഡികൂള്‍. ഇനി ചെയ്യാന്‍ പോകുന്ന ചിത്രവും ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമാണ്‌. ഇടക്ക്‌ വളരെ ലഘുവായ ഒരു സബ്‌ജക്‌ട്‌ സംസാരിക്കുന്ന ഒരു ലോബജറ്റ്‌ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. നമ്മള്‍ ടൈപ്പ്‌ ചെയ്‌തുപോകാതിരിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണ്‌. അപ്പോഴാണ്‌ ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ശ്യാംപുഷ്‌കരനും, ദിലീഷ്‌ നായരും ചേര്‍ന്ന്‌ ഈ സിനിമയുടെ കഥ എന്നോട്‌ പറയുന്നത്‌. ചിത്രത്തിലെ ആശയം എനിക്കിഷ്‌ടപ്പെട്ടിരുന്നു. പിന്നെ ഞങ്ങളിത്‌ സിനിമയാക്കാന്‍ തീരുമാനിച്ചു.

സംവിധായകന്‍ ലാലിനെ നായകനാക്കാം എന്നത്‌ ഫസ്‌റ്റ്‌ ചോയിസായിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞത്‌ മമ്മൂട്ടിയെ സമീപിക്കാനായിരുന്നു. കാളിദാസന്‍ എന്ന കഥാപാത്രം തനിക്ക്‌ സൗന്ദര്യമില്ല എന്നൊരു ഇഗോ പ്രശ്‌നം മനസിലുള്ളയാളാണ്‌. മമ്മൂട്ടി അങ്ങനെയൊരു കഥാപാത്രം അവതരിപ്പിച്ചാല്‍ ആളുകള്‍ ഇഷ്‌ടപ്പെടില്ല. അതുകൊണ്ട്‌ ലാലേട്ടനെ സമ്മതിപ്പിച്ചെടുക്കാന്‍ അല്‌പം പാടുപെട്ടു.

വിതരണക്കാരെ കിട്ടാന്‍ പോലും ആദ്യം ബുദ്ധിമുട്ടിയിരുന്നല്ലോ?

നിലവില്‍ ഇവിടെ ഹിറ്റാകുന്ന സിനിമകളെന്ന്‌ സ്വയം കരുതുന്ന ചില ഫോര്‍മുലകളുണ്ട്‌. എല്ലാവര്‍ക്കും ഈ ഫോര്‍മുലകളോടാണ്‌ താത്‌പര്യം. എന്നാല്‍ മാറി സിനിമകള്‍ ചെയ്യുമ്പോഴാമ്‌ പ്രേക്ഷകന്‌ താത്‌പര്യം. പ്രേക്ഷക താത്‌പര്യം മാനിക്കുമ്പോഴാണ്‌ നല്ല ഹിറ്റുകളുണ്ടാകുന്നത്‌. ഇരുപതില്‍ താഴെ തീയേറ്റര്‍ മാത്രമാണ്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ റിലീസ്‌ ചെയ്യാന്‍ കിട്ടയത്‌. ഇപ്പോഴിതാ അറുപത്‌ തീയേറ്ററുകള്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രേക്ഷകര്‍ അംഗീകരിക്കുമെന്നു തോന്നുന്ന കഥയാണെങ്കില്‍ നമ്മള്‍ ആരെയും ഭയക്കാതെ സിനിമയുമായി മുമ്പോട്ടു വരണം.

ഭക്ഷണവുമായി ബന്ധപ്പെടുത്തി ഒരു കഥ ഒരു പുതുമ തന്നെയായിരുന്നല്ലോ?

ഈ ചിത്രത്തിന്റെ ടൈറ്റിംല്‍ കേരളത്തിലെ നിരവധി രുചികളിലൂടെയാണ്‌ കടന്നു പോകുന്നത്‌. വിവിധ സ്ഥലങ്ങളിലെ പ്രശസ്‌തമായ ഭക്ഷണങ്ങളുടെ ദൃശ്യങ്ങളിലൂടെയാണ്‌ ടൈറ്റില്‍ വരുന്നത്‌. പ്രത്യേകിച്ചും കോഴിക്കോടുള്ള വിഭവങ്ങള്‍. എനിക്കും പ്രീയപ്പെട്ടതാണ്‌ ഈ ഭക്ഷണങ്ങളൊക്കെ. അല്ലെങ്കില്‍ ഏത്‌ മലയാളിക്കാണ്‌ ഇതൊക്കെ ഇഷ്‌ടമല്ലാത്തത്‌. അവന്റെ മനസിലെ ഇഷ്‌ടമാണ്‌ ഭക്ഷണത്തോടുള്ള ഇഷ്‌ടം. അത്‌ സിനിമയിലും കാണിക്കുമ്പോള്‍ പ്രേക്ഷകന്‌ സിനിമയോട്‌ ഒരു കൗതുകം തോന്നുന്നു.
`സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' ഒരു റിയല്‍ മെഗാ ഹിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക