Image

സമ്മേളനത്തിന്‌ മുമ്പ്‌ വിഎസിന്‌ മുന്നില്‍ പരാതിയുടെ ബര്‍ലിന്‍ മതില്‍

ജി.കെ Published on 13 August, 2011
സമ്മേളനത്തിന്‌ മുമ്പ്‌ വിഎസിന്‌ മുന്നില്‍ പരാതിയുടെ ബര്‍ലിന്‍ മതില്‍
പാര്‍ട്ടി സമ്മേളനങ്ങള്‍ വിളിപ്പുറത്ത്‌ നില്‍ക്കെ പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ്‌.അച്യുതാനന്ദന്‌ മുന്നില്‍ സിപിഎം വീണ്‌ടും പരാതികളുടെയും വിലക്കുകളുടെയും ബര്‍ലിന്‍ മതില്‍ തീര്‍ക്കുന്നു. വി.എസ്‌. പാര്‍ട്ടിക്ക്‌ വിധേയനായി നില്‍ക്കണമെന്നും വിവാദ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ പൊതുവേദികളില്‍ വെല്ലുവിളിക്കരുതെന്നുമുള്ള സംസ്ഥാന സമിതിയുടെ കര്‍ശന നിര്‍ദേശവും വി.എസിനെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കാനുള്ള സംസ്ഥാനസമിതി തീരുമാനവും പാര്‍ട്ടി സമ്മേളനങ്ങള്‍ ഇത്തവണയും വിഭാഗീയതയുടെ വേദിയാവുമെന്ന സൂചനകളിലേക്കാണ്‌ വിരല്‍ ചൂണ്‌ടുന്നത്‌. എന്നാല്‍ വി.എസിനെ അച്ചടക്കം പഠിപ്പിക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിനെതിരെ കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കണമെന്ന കാര്യത്തിലും സംസ്ഥാന സമിതി ഒറ്റക്കെട്ടായിരുന്നുവെന്നത്‌ വി.എസിന്‌ ഇനി കാണാതിരിക്കാനുമാവില്ല.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി സെക്രട്ടറിയുടെ വിലക്ക്‌ ലംഘിച്ച്‌ വീട്ടില്‍ പോയി സന്ദര്‍ശിച്ചതും നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന്‌ വേണ്‌ടി പ്രകടനം നടത്തിയവര്‍ക്ക്‌ വേണ്‌ടി പരസ്യമായി രംഗത്തുവന്നതുമാണ്‌ വി.എസിനെ പാര്‍ട്ടി അച്ചടക്കത്തിന്റെ ആദ്യപാഠങ്ങള്‍ വീണ്‌ടും പഠിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശത്തിന്‌ പിന്നില്‍. പ്രസ്‌താവനകളിലൂടെയും നടപടികളിലൂടെയും എന്തിന്‌ വെറുമൊരു ചിരിയിലൂടെ പോലും പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അച്ചടക്കത്തിന്റെ വാള്‍ ഓങ്ങുമ്പോള്‍ കുറച്ചുകാലത്തേക്ക്‌ വേലിക്കകത്ത്‌ ഒതുങ്ങി നില്‍ക്കുകയും ചെയ്യുക എന്നത്‌ വി.എസിനെ സംബന്ധിച്ചിടത്തോളം പതിവ്‌ കലാപരിപാടിയാണ്‌.

ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ പേരില്‍ പാര്‍ട്ടി സെക്രട്ടറിയുമായി പരസ്യമായി കോര്‍ത്തപ്പോള്‍ മാത്രമെ ഇത്തരത്തില്‍ വേലിക്കകത്ത്‌ കയറി രക്ഷപ്പെടാന്‍ വി.എസിന്‌ കഴിയാതിരുന്നുള്ളൂ. അന്ന്‌ കേന്ദ്രനേതൃത്വം വി.എസിനെയും പിണറായിയെയും പിബിയില്‍ നിന്ന്‌ ചെവിക്ക്‌ പിടിച്ച്‌ സസ്‌പെന്‍ഡു ചെയ്‌തു. മൂന്ന്‌ മാസത്തിനുശേഷം മിന്നല്‍ പിണറായി പിബിയില്‍ തിരിച്ചെത്തിയെങ്കിലും വി.എസ്‌ വേലിക്ക്‌ പുറത്ത്‌ തന്നെ നില്‍ക്കുന്നു. കാര്യങ്ങളുടെ പോക്ക്‌ അനുസരിച്ച്‌ ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിയുമ്പോഴും വി.എസ്‌ പിബിയുടെ വേലിപ്പുറത്ത്‌ തന്നെ നില്‍ക്കേണ്‌ടിവരുമെന്നാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഇതിനുള്ള ആദ്യവെടിയാണ്‌ മുമ്പ്‌ നല്‍കിയ നിരവധി പരാതികള്‍ക്ക്‌ പുറമെ സംസ്ഥാന സമിതിതന്നെ ഏകകണ്‌ഠമായി വി.എസിനെതിരെ ഒരു പരാതി നല്‍കാനുള്ള തീരുമാനം.

എന്നാല്‍ വി.എസിനെതിരെ ഇപ്പോഴുയര്‍ന്നിട്ടുള്ള പരാതിയുടെയും വിലക്കിന്റെയും മൂലകാരണം ബര്‍ലിന്‍ മതില്‍ ചാടിക്കടന്നതോ പ്രകടനക്കാര്‍ക്കെതിരായ അച്ചടക്ക നടപടിയോട്‌ പ്രതികരിച്ചതോ അല്ല. സംസ്ഥാന സമ്മേളനത്തിന്‌ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പാര്‍ട്ടിയില്‍ പൂര്‍വാധികം ശക്തനാവാന്‍ വി.എസ്‌ നീക്കുന്ന കരുക്കളാണ്‌ ഇപ്പോള്‍ ഇത്തരമൊരു പരാതിയും വിലക്കുമായി മുന്നോട്ടുപോകാന്‍ ഔദ്യോഗികപക്ഷത്തിനെ പ്രേരിപ്പിച്ചത്‌.

സദാചാര വിരുദ്ധ ആരോപണങ്ങളുടെ പേരില്‍ തങ്ങളുടെ പക്ഷത്തു നിന്നുള്ള കരുത്തരായ രണ്‌ടു ജില്ലാ സെക്രട്ടറിമാരെ നഷ്‌ടമായ സാഹചര്യവും കണ്ണൂര്‍ ലോബിക്ക്‌ വി.എസിനോട്‌ പഴയ വൈരമില്ലെന്ന തിരിച്ചറിവും നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ഔദ്യോഗികപക്ഷത്തെ പലരും വി.എസിനോട്‌ പുലര്‍ത്തുന്ന കൂറുമാണ്‌ പിണറായി ക്യാമ്പ്‌ ഭീഷണിയായി കാണുന്നത്‌. ഏറ്റവും ഒടുവിലായി കോട്ടയം ജില്ലയും വി.എസിനോട്‌ നേരിയ ചായ്‌വ്‌ പ്രകടിപ്പിച്ചു തുടങ്ങി എന്നതും കാലടിയിലെ മണ്ണ്‌ ഒലിച്ചുപോകുന്നുവെന്ന്‌ തിരച്ചറിയാന്‍ ഔദ്യോഗികപക്ഷത്തെ പ്രേരിപ്പിച്ചു.

വിലക്ക്‌ ലംഘിച്ച്‌ വി.എസ്‌.ബര്‍ലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴെ വി.എസിനെതിരെ പറയാനുള്ളതെല്ലാം എം.എം.ലോറന്‍സ്‌ എന്ന സംസ്ഥാന കമ്മിറ്റി അംഗത്തിലൂടെ ഔദ്യോഗികപക്ഷം വിളിച്ചുപറഞ്ഞു കഴിഞ്ഞിരുന്നു. എന്നാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരിലൂടെ തന്നെ വി.എസ്‌ ലോറന്‍സിനും ഔദ്യോഗികപക്ഷത്തിനും മറുപടി നല്‍കി തിരിച്ചടിച്ചത്‌ പിണറായി പക്ഷത്തിന്‌ ക്ഷീണമായി. പാര്‍ട്ടി സെക്രട്ടറിയെ മുതലാളിത്തത്തിന്റെ ദത്തുപുത്രനെന്നും ലോറന്‍സിനെ വിഭാഗീയതയുടെ ആളെന്നും പറഞ്ഞത്‌ ബര്‍ലിനാണെങ്കിലും അത്‌ പറയിച്ചത്‌ വി.എസാണെന്ന്‌ ഔദ്യോഗികപക്ഷത്തിന്‌ നല്ല ബോധ്യമുണ്‌ട്‌. ബര്‍ലിന്‍ പാര്‍ട്ടിക്കെതിരെ പ്രസ്‌താവനകളിറക്കി വിവാദങ്ങളുയര്‍ത്തിയപ്പോഴൊന്നും അതിനെതിരെ ഒരക്ഷരം പോലും പറയാന്‍ വി.എസ്‌ തയാറായില്ലെന്നതും ശ്രദ്ധേയമായിരുന്നു.

ഒടുവില്‍ പിണറായി വിജയന്റെ മകളുടെ സ്വാശ്രയ പ്രവേശനം പോലെ പഴയിക വിഷയങ്ങള്‍ പോലും ബര്‍ലിനിലൂടെ വി.എസ്‌ പറയാന്‍ തുടങ്ങിയപ്പോഴാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ ബര്‍ലിനെ തള്ളിപ്പറയാന്‍ വി.എസിന്‌ കര്‍ശന നിര്‍ദേശം നല്‍കിയത്‌. സെക്രട്ടറിയേറ്റിന്റെ ഭീഷണിക്ക്‌ വഴങ്ങിയാണെങ്കിലും ഒടുവില്‍ വി.എസ്‌ ബര്‍ലിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ ബര്‍ലിനെ തള്ളിപ്പറഞ്ഞതുകൊണ്‌ടാ മാത്രം വി.എസ്‌ ഇഫക്‌ട്‌ അവസാനിച്ചേക്കില്ലെന്നും സമ്മേളനങ്ങള്‍ക്കു മുമ്പ്‌ വി.എസിന്റെ നാക്കാവാന്‍ പലരും രംഗത്തെത്തിയേക്കുമെന്ന തിരച്ചറിവാണ്‌ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ പരാതിയുമായി തന്നെ മുന്നോട്ടു പോകാന്‍ സംസ്ഥാന സമിതിയെ പ്രേരിപ്പിച്ചത്‌.

ഇപ്പോള്‍ പരാതി നല്‍കിയതിലൂടെ കേന്ദ്രനേതൃത്വത്തില്‍ നിന്ന്‌ നടപടിയൊന്നും ഔദ്യോഗികപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും സമ്മേളനങ്ങള്‍ക്ക്‌ മുമ്പേ പ്രതിരോധച്ചുവടിലേക്ക്‌ മാറാന്‍ വി.എസ്‌ നിര്‍ബന്ധിതനാവുമെന്നകാര്യം ഉറപ്പാണ്‌. വിവാദവിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വി.എസ്‌ സ്വീകരിച്ചിരുന്ന പരസ്യനിലപാടുകള്‍ പരാതി നല്‍കിയതിലൂടെ സമ്മേളനത്തില്‍ പ്രധാന അജണ്‌ടയാക്കാമെന്നും ഔദ്യോഗികപക്ഷം വിലയിരുത്തുന്നു. ഇത്തരമൊരു സാഹചര്യമുണ്‌ടായാല്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രകടനത്തിന്റെ മേനി നടിച്ച്‌ സമ്മേളനങ്ങളില്‍ വി.എസിന്‌ കാര്യമായ നേട്ടമുണ്‌ടാക്കാന്‍ കഴിയില്ലെന്നും ഔദ്യോഗികപക്ഷം ഉറപ്പിക്കുന്നു. എന്നാല്‍ സംസ്ഥാന സമിതിയുടെ വിലക്കുവേലിക്കകത്‌ വി.എസ്‌ എത്രകാലം ഒതുങ്ങിക്കഴിയുമെന്ന കാര്യം കാത്തിരുന്നു കാണേണ്‌ടതാണ്‌.
സമ്മേളനത്തിന്‌ മുമ്പ്‌ വിഎസിന്‌ മുന്നില്‍ പരാതിയുടെ ബര്‍ലിന്‍ മതില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക