Image

അനുപമ സുന്ദര ദൃശ്യവിരുന്ന്: അനിറ്റ മാമ്പിള്ളി കാണികളുടെ പ്രശംസയും അംഗീകാരവും നേടി

ജോര്‍ജ് തുമ്പയില്‍ Published on 12 August, 2011
അനുപമ സുന്ദര ദൃശ്യവിരുന്ന്: അനിറ്റ മാമ്പിള്ളി കാണികളുടെ പ്രശംസയും അംഗീകാരവും നേടി

ശാസ്ത്രീയ നാട്യകലയുടെ വിശുദ്ധി പുലര്‍ത്തി ഏറെ നിഷ്ഠയോടും ശ്രദ്ധയോടും നൃത്തപരിശീലനം നല്‍കുന്ന ഡോ.ഫ്രാന്‍സിസ് ബര്‍ബോസയുടെ ശിഷ്യഗണത്തിലെ നാലാമത്തെ അരങ്ങേറ്റമായിരുന്നു വെസ്റ്റ് ഓറഞ്ച് ലിബേര്‍ട്ടി മിഡില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അനിറ്റ മാമ്പിള്ളി അവതരിപ്പിച്ചത്. നൃത്ത നൃത്യ നാട്യങ്ങള്‍ക്ക് സിദ്ധിച്ചിട്ടുള്ള ഓജസ്സും, ശക്തിയും ഹൃദൃതയും, ആംഗികം, വംചികം, സാത്ത്വികം, ആഹാര്യം എന്നീ അഭിനയഭേതങ്ങളിലൂടെ അനായസേന അവതരിപ്പിക്കുവാന്‍ അനീറ്റക്ക് കഴിഞ്ഞു.

ഭാവതാള നിബദ്ധമായ ഭരതനാട്യത്തിന് സാഹിത്യ രസികതയോടുകൂടിയ ശുദ്ധസംഗീതം അഭിനയ കലയുടെ ഭംഗി വര്‍ദ്ധിപ്പിച്ചു. താളമേളങ്ങള്‍ അവയ്ക്ക് അകമ്പടിസേവിക്കുകയും വൈവിദ്ധ്യ വേഷവിധാനങ്ങള്‍ നര്‍ത്തകിയെ അലങ്കരിക്കുകയും ചെയ്തപ്പോള്‍ അനീറ്റ അവതരിപ്പിച്ച ഭരതനാട്യം അനുപമസുന്ദര ദൃശ്യ ശ്രാവ്യകലയായി മാറി. കൃത്യതയാര്‍ന്ന കാല്‍സാധകവും, അംഗോപാഗങ്ങളുടെ അവസരോചിതമായ അടവുകളുടെ മികവും, ഭാവാഭിനയവും കൊണ്ട് സദസ്യരുടെ പ്രശംസയും അംഗീകാരവും ആര്‍ജിക്കുവാന്‍ അനീറ്റയ്ക്ക് കഴിഞ്ഞു.

ഫാ.മാത്യൂ കുന്നത്തിന്റെ പ്രാര്‍ത്ഥനയോടുകൂടിയാരുന്നു പരിപാടിയുടെ തുടക്കം. ചീഫ് ഗസ്റ്റ്. റവ.ഡോ.തോമസ്‌കുളം നിലവിളക്ക് കൊളുത്തി. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ, അനീറ്റയും മാതാപിതാക്കളും സഹോദരങ്ങളും, ഗുരു കലാകാരന്മാര്‍ , ബന്ധുജനങ്ങള്‍ എന്നിവരും ചേര്‍ന്നുള്ള പ്രദക്ഷിണം സ്റ്റേജിലെത്തി ഗുരുവിന്റെയും മാതാപിതാക്കളുടെയും മറ്റും അനുഗ്രഹം അനീറ്റ സ്വീകരിച്ചു. ചീഫ് ഗസ്റ്റില്‍ നിന്നും അനീറ്റയ്ക്ക് ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി.
നാട്യദേവന് പുഷ്പങ്ങളര്‍പ്പിച്ച് സദസ്യരുടെ അനുഗ്രഹം യാചിച്ചുകൊണ്ടുള്ള പുഷ്പാഞ്ജലിയോടെയായിരുന്നു ഡാന്‍സിന്റെ തുടക്കം. അന്ധകാരത്തിന്റെ ഇരുള്‍മറയില്‍ ഇതളുകള്‍ കൂമ്പിയിരിക്കുന്ന താമരപ്പൂ സൂര്യപ്രകാശകിരണങ്ങളേറ്റ് വിടര്‍ന്ന് വികസിക്കുന്നതുപോലെ മനുഷ്യഹൃദയങ്ങളും ദൈവ വചനശ്രവണത്തിലൂടെ വികസ്വരമാകുന്നു. വിശുദ്ധീകരിക്കപ്പെടുന്നു.

ഭരതനാട്യത്തിലെ പ്രധാന ഐറ്റമായ വര്‍ണ്ണത്തില്‍ മനുഷ്യജീവിതത്തിന്റെ വിവിധഘട്ടങ്ങളായ ബാല്യവും, യൗവനവും, വാര്‍ദ്ധക്യം-എന്നീ തലങ്ങളില്‍ മാറിവരുന്ന ജീവിതചിന്തകളും പെരുമാറ്റങ്ങളും സ്വതസിദ്ധ ഭാവനയോടെ അനീറ്റ അവതരിപ്പിച്ച് കാണികളുടെ പ്രീതി നേടി.

ജീവിതത്തിന്റെ ദുര്‍ഘടസന്ധികളില്‍ സഹായത്തിനായ് കേഴുന്ന ഭക്തരെ ഭഗവാന്‍ സംരക്ഷിക്കുന്നു. ഹരിതുമം ഹരി എന്നാരംഭിക്കുന്ന കാനഡ രാഗത്തിലുള്ള പദത്തില്‍ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന വസ്ത്രം നല്‍കി സഹായിച്ച നരസിംഹമായി അവതരിച്ച് ഹിരണ്യക സര്‍പ്പത്തെ കൊന്ന, വലിയ മുതലയുടെ പിടിയിലായ് വെള്ളത്തില്‍ താണുകൊണ്ടിരുന്ന ഗജരാജനെ സംരക്ഷിച്ച ശ്രീകൃഷ്ണന്റെ വൈവിദ്ധ്യമാര്‍ന്ന കഥാതന്തുക്കള്‍ തന്മയത്വത്തോടെ അനീറ്റ അവതരിപ്പിച്ചു.

സന്ദര്‍ഭാനുസരണമായ രസഭാവങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അഭിനയത്തിന് അനുരോധമായ സാഹിത്യവും സാഹിത്യത്തിന് അനുകൂലമായ സംഗീതവും സംഗീതത്തിന് അനുസരണമായ താളമേളങ്ങളും കൊണ്ട് സദസ്യരെ വിസ്മയാഹ്‌ളാദഭരിതരാക്കിയ അരങ്ങേറ്റമായിരുന്നു അനീറ്റ അവതരിപ്പിച്ചത്. നൃത്തമുദ്രകള്‍ അഭിനയത്തിലൂടെ വിവരിച്ചുതന്ന ശ്രുതി എഡിസനും നല്ല നിലവാരെ പുലര്‍ത്തി
.
ചെറുപ്പം മുതലേ അനീറ്റയില്‍ തെളിഞ്ഞു നിന്ന കലാവാസനയെ മാതാപിതാക്കളായ സണ്ണി
മാമ്പിള്ളിയും എത്സയും പ്രോത്സാഹിപ്പിച്ചു. നല്ലൊരു ഗായികകൂടിയായ അനീറ്റ പഠനത്തിലും സ്‌പോര്‍ട്‌സിലും നല്ല നിലവാരം പുലര്‍ത്തുന്നു. സെന്റ് ഡോമിനിക് അക്കാഡമിയില്‍ പഠിക്കുന്ന അനീറ്റ ഈ വര്‍ഷത്തെ പ്രൗഡ് ഓണര്‍ ഓള്‍ സ്റ്റുഡന്റാണ്.

പി.ടി.ചാക്കോ.അലക്‌സ് കോശി വിളനിലം, സാമുവല്‍ പി.ഏബ്രഹാം, ഫാ.ജോസ് തുടങ്ങി പലരും ആശംസകള്‍ അര്‍പ്പിച്ചു. ഈ പരിപാടിയുടെ എംസിയായി പ്രവര്‍ത്തിച്ച് ജോര്‍ജ് തുമ്പയില്‍ വിവരങ്ങള്‍ നല്കി. ചൈന്നയില്‍ നിന്നെത്തിയ കലാകാരന്മാരായിരുന്നു പിന്നണിയില്‍ വോക്കല്‍ -രമ്യ സുന്ദരേശ
ന്‍ ‍, മൃദംഗം- ജി.ഗണേശന്‍ ‍, വയലിന്‍ എം.എസ്.കണ്ണന്‍ , ഫ്‌ളൂട്ട് സി.വി.സുന്ദരേശന്‍ , ഫോട്ടോഗ്രാഫി വിഡിയോ-സെബാന്‍ ഫോട്ടോഗ്രാഫി, സൗണ്ട്- എബി, ലൈറ്റ്- തോമസ് മേലേടത്ത്
അനുപമ സുന്ദര ദൃശ്യവിരുന്ന്: അനിറ്റ മാമ്പിള്ളി കാണികളുടെ പ്രശംസയും അംഗീകാരവും നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക