Image

ആവേശമുണര്‍ത്തിയ ഫൊക്കാന യൂത്ത്‌ കണ്‍വന്‍ഷന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 10 August, 2011
ആവേശമുണര്‍ത്തിയ ഫൊക്കാന യൂത്ത്‌ കണ്‍വന്‍ഷന്‍
ഡാളസ്‌: അമേരിക്കന്‍ ലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ യുവജനവിഭാഗം സംഘടിപ്പിച്ച യൂത്ത്‌ കണ്‍വന്‍ഷന്‌ ഡാളസ്സിലെ റാഡിസണ്‍ ഹോട്ടലില്‍ തിരശ്ശീല ഉയര്‍ന്നപ്പോള്‍, യുവജനങ്ങള്‍ക്കതൊരു ആവേശമായി മാറി.

ആഗസ്റ്റ്‌ 5 വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ 2 മണിക്ക്‌ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച്‌ നൂറുകണക്കിന്‌ യുവജനങ്ങളാണ്‌ മാതാപിതാക്കള്‍ക്കൊപ്പം കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ യുവജനങ്ങള്‍ പരസ്‌പരം പരിചയപ്പെടുന്നതൊടൊപ്പംതന്നെ, തങ്ങളുടെ ആശയങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ഇങ്ങനെയൊരു വേദിയൊരുക്കിയതില്‍ ഫൊക്കാനയോടുള്ള നന്ദി ഏവരുടേയും മുഖത്ത്‌ പ്രകടമായിരുന്നു.

ടിഫിനി ആന്റണി, ബെന്‍സി ബോബന്‍ എന്നിവരുടെ അമേരിക്കന്‍-ഇന്ത്യന്‍ ദേശീയഗാനങ്ങളോടെ കണ്‍വന്‍ഷന്‌ തുടക്കംകുറിച്ചു. ഫൊക്കാന യൂത്ത്‌ നാഷണല്‍ കമ്മിറ്റി അംഗം ന്യൂയോര്‍ക്കില്‍ നിന്നുള്ള അനു ജോസഫ്‌ സ്വാഗതമാശംസിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാ യുവജനങ്ങളേയും, ഫൊക്കാന ദേശീയ നേതാക്കളേയും, ആതിഥേയരായ കേരള അസോസ്സിയേഷന്‍ ഓഫ്‌ ഡാളസ്‌ പ്രസിഡന്റ്‌ മാത്യു കോശിയേയും കമ്മിറ്റി ഭാരവാഹികളേയും അനു ജോസഫ്‌ പ്രത്യേകം സ്വാഗതമാശംസിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി യുവജനങ്ങള്‍ക്ക്‌ ഫൊക്കാനയിലുള്ള പ്രാതിനിധ്യത്തെക്കുറിച്ച്‌ ആമുഖപ്രസംഗം നടത്തി.റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ കൊടുവത്ത്‌ കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ അറിയിച്ചു. ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ ഉത്‌ഘാടന സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഷാജികെ. ജോണ്‍, രമണികുമാര്‍, അലക്‌സ്‌തോമസ്‌, അനു ജോസഫ്‌ തുടങ്ങിയവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

യുവജനങ്ങളെ നേതൃത്വനിരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരികയും, ഫൊക്കാനയുടെ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്‌ക്കരിക്കുവാന്‍ അവരെ കര്‍മ്മോത്സുകരാക്കുകയുമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും, അതുകൊണ്ട്‌ യുവജനങ്ങള്‍ കഴിയുന്നതും തങ്ങളുടെ പ്രാദേശികസംഘടനകളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള തന്റെ ഉത്‌ഘാടനപ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു. വ്യത്യസ്ഥ സ്ഥലങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ അവരുടെ ആശയങ്ങള്‍ പരസ്‌പരം കൈമാറുന്നതോടൊപ്പം, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‌ അവരെ പ്രാപ്‌തരാക്കുവാനുള്ള സെമിനാറുകളും, ചര്‍ച്ചകളും ഈ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷകങ്ങളില്‍ പെടുന്നു. ആശയങ്ങള്‍ കൈമാറുന്നതോടൊപ്പം ഫൊക്കാനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും അവരെ ബോധവാരാക്കുവാന്‍ തങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്‌ ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിന്‌ പി.പി. ചെറിയാന്‍ നേതൃത്വം നല്‍കി. കൈരളി, ഏഷ്യാനെറ്റ്‌യു.എസ്‌.എ. മുതലായ ദൃശ്യ മാധ്യമങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ആവേശമുണര്‍ത്തിയ ഫൊക്കാന യൂത്ത്‌ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക